
പതിനാലു പേർ ചേർന്ന് തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തി പതിനഞ്ചുകാരി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെൺകുട്ടി ഇപ്പോൾ എട്ടുമാസം ഗർഭിണിയാണ്. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായതെന്നു പെൺകുട്ടി പറഞ്ഞു. നിരവധി പുരുഷന്മാർ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി. ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുൻപു വരെ പീഡനം നടന്നിട്ടുണ്ട്. ഇതിനിടെ പെൺകുട്ടി സ്കൂളിൽ പോയിരുന്നതായും പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. എട്ടു മാസം ഗർഭിണിയായിട്ടും എന്തുകൊണ്ടാണ് വീട്ടുകാർ ഇതിനെ കുറിച്ച് മനസ്സിലാക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.











